Wednesday 24 August 2011

അകത്തും , പുറത്തും

അകത്ത്...

ഒറ്റക്കിരുന്ന്
ഞാന്‍ തിന്ന് തീര്‍ത്ത
സ്വപ്നങ്ങളുടെ ബാക്കിയാണ്
ഈ വെളിച്ചമില്ലാത്ത മുറിയില്‍
ചിതറിക്കിടക്കുന്നത്.
മാറ്റി വെക്കപ്പെട്ട
മുരടിച്ച ചിന്തകളാണ്
സെല്‍ഫില്‍.
ചുമരില്‍
ചിതലരിച്ച ചിത്രങ്ങള്‍,
ഭൂതകാലത്തിന്റെ
ചില്ലുപൊട്ടിയ
കണ്ണട വെച്ചവര്‍,
പിന്നെ
അനുസരണക്കേടിന്റെ
നഗ്നമായ സുവിശേഷം
എനിക്ക് മീതെ ചൊല്ലുവാന്‍
പതിയിരിക്കുന്നവര്‍,
വിപ്ലവം ചവച്ച് തുപ്പിയ
താടിവെച്ചവര്‍,
മോഹിപ്പിച്ച്
നഗരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടവര്‍,
ചരിത്രത്തില്‍
ഇടം കിട്ടാത്തവര്‍

പുറത്ത്...

മുസ്ലിമുകള്‍
ദളിതര്‍, ആദിവാസികള്‍
ആരാണ് ഇവര്‍
കാര്‍ക്കിച്ച് തുപ്പി
ചുരുണ്ടുകൂടി......

തെറ്റിദ്ധരിക്കരുത്
ഞാനിന്നും
കമ്മ്യുണിസ്റ്റാണ്.

Monday 14 June 2010

വരികള്‍ക്കിടയില്‍ വായിച്ചത്

ഭാഷ
കുടിയിറക്കപ്പെടുമ്പോഴാണ്
ഒരേ സംസ്ക്കാരത്തെ
ഇല്ലമെന്നും,
വീടെന്നും
പുരയെന്നും,
കുടിലെന്നും
വേര്‍ത്തിരിക്കപ്പെടുന്നത്

ഞാന്‍
എന്നെ
പുറത്തെടുക്കുമ്പോഴാണ്
നമ്പൂതിരിയെന്നും,
നായരെന്നും,
ഈഴവനെന്നും,
പുലയെനെന്നും
വേര്‍ത്തിരിക്കപ്പെടുന്നത്

വേര്‍ത്തിരിക്കപ്പെട്ടവര്‍
നോക്കുക്കുത്തികളാവുമ്പോള്‍
മണ്ണും, ജലവും
ആത്മാക്കളാവുന്നു...!!

Sunday 16 May 2010

നിയമഗിരി

അതിജീവനത്തിന് വേണ്ടിയുള്ള
പണിയിടങ്ങളില്‍
*തെന്‍ഡു ഇലകള്‍
കൊച്ച് സ്വപ്നങ്ങള്‍ക്ക്
തണലേകിയിരുന്നു,
ദാഹത്തെ കീഴടക്കിയിരുന്നു.
മലമുകളിലെ
പച്ചപ്പിലേക്ക് പാഞ്ഞ്
മണികിലുക്കി,
കുടപിടിച്ച്,
അവര്‍
ഉറുമ്പുകള്‍ക്ക് കല്യാണം കൊണ്ടിരുന്നു.

മഞ്ഞ് പെയ്യുന്ന മലകളില്‍
പുതിയ “വേദാന്ത”ങ്ങള്‍
വികൃതമായ വ്രണം സൃഷ്ടിക്കുമ്പോള്‍
നിശ്ശബ്ദതക്ക് വിധിക്കപ്പെട്ട
ഒരു ജനതയെ
പേരിട്ടും, പേരില്ലാതേയും
ക്രൂശിലേറ്റപ്പെടുമ്പോള്‍
പൊട്ടിപുറത്ത്
ഞങ്ങളകത്ത്.

തേനറുത്ത കരങ്ങള്‍
സര്‍പ്പ കുഞ്ഞുങ്ങളേന്തി
ആലോചനകളും,
അലര്‍ച്ചകളുമായി
ഞെട്ടിച്ചില്ലെങ്കിലും
പുതിയ ഖനികളിലെ
പാതാളങ്ങളില്‍
തിളങ്ങുന്ന
ചുവന്ന ചുണ്ണാമ്പു കല്ലുകള്‍
നിങ്ങളെ
പേടിപ്പിക്കാതിരിക്കില്ല.

മരണപ്പെട്ട മരങ്ങള്‍
രാത്രിയില്‍
നഗ്നനൃത്തം ചെയ്യുമ്പോള്‍
ഇല്ലായ്മകളില്‍
ഉണ്ടും, ഉരുണ്ടും
വിലാപങ്ങള്‍ സംഗ്രഹിക്കപ്പെട്ട്,
ആശയങ്ങള്‍ ഒടുക്കപ്പെടുമ്പോള്‍
നാളെ
ചില തിരിച്ചറിവുകള്‍
പറയുമായിരിക്കും

“നിയമഗിരിയില്‍
ദൈവവും, കാടും, ശലഭവും,
പിന്നെ മനുഷ്യനും ജീവിച്ചിരുന്നു“.
@@@

*തെന്‍ഡു ഇലകള്‍ - ബീഡി ഉണ്ടാക്കുന്ന ഇല

Wednesday 16 December 2009

കുടിയിറക്കപ്പെട്ടവര്‍

സന്ദര്‍ഭവശാല്‍
ഞങ്ങളിന്നും ജീവിച്ചിരിപ്പുണ്ട്..!!
ഭരണകൂടത്താല്‍
ഭ്രഷ്ടരാക്കപ്പെടുമ്പോള്‍
പരിഹാരം തേടിയുള്ള
നിലവിളികള്‍
തിരിച്ചറിയപ്പെടാതെ,
വേട്ടയാടലിന്
വഴിമാറുകയാണ്.

ഒട്ടിയ വട്ടിയുമായി
ഞങ്ങളുടെ ഭൂമിയില്‍
തമ്പുരാന്റെ ആഹ്വാനങ്ങള്‍ക്ക്
കാത്ത് നില്‍ക്കുമ്പോള്‍
കീഴ്പ്പെടുത്തി പ്രാപിക്കുന്നവര്‍
കീഴാളനെന്ന്
ചരിത്രത്തില്‍ രേഖപ്പെടുത്തി.

കത്തുന്ന ചൂട്ടും,
പൊള്ളുന്ന മനസ്സുമായി
കാവലിരിക്കുന്ന നിസ്സഹായതയെ
നവോത്ഥാനം കൊണ്ട്
വ്യഭിചരിച്ച്
പുറത്തേക്കിറങ്ങുന്ന
പ്രബുദ്ധമായ ജനാധിപത്യമേ
കൊട്ടിയടക്കുമ്പോഴും
ഉറപ്പ് കൊടുക്കുക.

Wednesday 21 October 2009

നടത്തം

വൈകുന്നേരങ്ങളിലെ
നടത്തം തുടങ്ങിയിട്ട്
നാളേറെയായി
കോര്‍ണീഷിലെ
മാര്‍ബിളിട്ട തറയിലൂടെ
ഊന്നിയുള്ള നടത്തത്തില്‍
ഒന്ന് തെന്നിയൊ
ഉള്ളം ഒന്ന് പിടഞ്ഞുവോ..

അന്ന്
മനക്കലെ
വലിയ മതിലിനോടൊത്ത്
ഇടുങ്ങിയ ഇടവഴികളിലൂടെ
ഒറ്റക്ക് നടക്കുമ്പോള്‍
ചുവന്ന തെച്ചിയും,
വെളുത്ത നന്തിയാര്‍വട്ടവും
എന്റെ പാദങ്ങളെ
ഇക്കിളിയാക്കുമായിരുന്നു
മുള്ളുകള്‍ ചവിട്ടാതെ
ഉരുളന്‍ കല്ലുകള്‍
എടുത്തെറിയാതെ,
മഴകൊണ്ട്
നടക്കുമായിരുന്നു.

അന്ന് ഞാന്‍
കാലത്തും,
വൈകീട്ടും നടന്നിരുന്നു
കണ്ണനും, വേലായുധനും,
സീതയും, സുഹറയും
കണക്ക് പഠിപ്പിക്കുന്ന
കുട്ടപ്പന്‍ മാഷും
ഞങ്ങള്‍ ഒപ്പത്തിനൊപ്പം
നടക്കുമായിരുന്നു

പിന്നെ
റേഴഷന്‍ കടയിലേക്കും
അത്താണിയിലെ
മീന്‍ ചന്തയിലേക്കും
അമ്പലപ്പറമ്പിലേക്കും
പ്രതിഭാക്ലബിലെ
ചിതലെടുത്ത,
ലൈബററിയിലേക്കും
ചെമ്മീന്‍ കളിച്ച
കൃഷ്ണാകൊട്ടകയിലും
മോമാലിക്കയുടെ
വെളിച്ചമില്ലാത്ത
പലചരക്ക് കടയിലേക്കും
ഞാന്‍ അടിതെറ്റാതെ
തെന്നാതെ നടക്കുമായിരുന്നു

ഒറ്റമുണ്ടും
മഞ്ഞച്ച വെളുത്ത ഒറ്റഷര്‍ട്ടും
കോളേജിലേക്കുള്ള
എന്റെ നടത്തത്തിനോടൊപ്പം
കൂട്ടിനുണ്ടായിരുന്നു
ഇന്ദിരേച്ചിയുടെ
പറമ്പിലൂടെ നടക്കുമ്പോള്‍
അങ്ങേ തൊടിയിലേക്ക്
ഒന്ന് നോക്കാതെ
നോക്കിയുള്ള നടത്തവും
പിന്നീട്
മനിലാ കവറുമായി
പോസ്റ്റ്മാനായി നടന്നതും
നടന്ന്, നടന്ന്
ഒന്നും ബാക്കിവെക്കാതെയുള്ള
ഈ നടത്തവും

ടാറിടാത്ത
ചെമ്മണ്‍പ്പാതയില്‍
ഞാന്‍ നടന്ന് തീര്‍ത്തതൊക്കെ
ഇവിടെ
കോര്‍ണീഷിലെ
നക്ഷത്ര തെരുവുകളോടും
ഈ മണല്‍ക്കാറ്റിനോടും
വൈകുന്നേരങ്ങളില്‍
ഒരു ഗമയോടെ
പറഞ്ഞ് നടക്കാറുണ്ട്
അതായിരിക്കാം
ഇവിടെ എന്നെയൊന്ന്
വീഴ്ത്തിക്കളയാമെന്ന്
അസൂയകൊണ്ട
ഈ വഴങ്ങാത്ത
തെരുവിന് തോന്നിയത്


*******
നാട്ടുപച്ചയില്‍ വന്ന കവിത
http://www.nattupacha.com/content.php?id=468

Tuesday 8 September 2009

പ്രൊസസ്സ് കളര്‍

നീല
പരദേശി
നിലയില്ലാ കടലില്‍
മുത്തും പവിഴവും തേടി
മുങ്ങിയപ്പോഴാണ്
നീല കണ്ടത്.
ചുവപ്പ്
വഴിയരികില്‍
പടുത്തുയര്‍ത്തുന്ന
പടുക്കൂട്ടന്‍
നക്ഷത്ര സൌധത്തിന്
പ്രവാസികളാല്‍
അടിത്തറ പണിയ്യുമ്പോള്‍
പുറത്തുവന്ന ഉറവയ്ക്ക്
ചുവപ്പ് നിറമായിരുന്നു.
മഞ്ഞ
ജീവിതത്തിനും,
മരണത്തിനുമിടയില്‍
ശ്വാസം കിട്ടാതെ നിലവിളിക്കുമ്പോള്‍
പ്രവാസിയുടെ
വിളറിയ കണ്ണുകള്‍ക്ക്
മഞ്ഞ നിറമായിരുന്നു.
കറുപ്പ്
മരുഭൂമിയില്‍
ജീവിതം കണ്ടെത്താനാകാതെ
മരുപ്പച്ച
തേടിയുള്ള യാത്രയില്‍
പ്രവാസിയുടെ മുന്നില്‍
മരണത്തിന്റെ ഇരുട്ടാണ്
കറുത്ത ഇരുട്ട്.
@@@

Monday 7 September 2009

കപ്പലണ്ടിക്കാരന്‍

മരുഭൂമിയിലെ
സഞ്ചാരത്തിനിടയിലാണ്
ഒറ്റക്ക് നടക്കുന്ന
ഒട്ടകത്തെ കണ്ടത്
ഇവിടെ
ഒറ്റപ്പെടലുകള്‍,
ഒറ്റപ്പെടുത്തലുകള്‍
ഇന്നും,
ഇന്നലെയും തുടങ്ങിയതായിരിക്കില്ല.

വണ്ടിനിര്‍ത്തി
വഴിയരികില്‍ കണ്ട
അയാളില്‍ നിന്ന്
മൂന്ന് പൊതി വാങ്ങുമ്പോള്‍
എന്റെ സ്നേഹം
ഭാര്യയോടും കുഞ്ഞിനോടുമായിരുന്നില്ല.

എന്നാല്‍ എന്റെ പ്രേമം
അകലെ
പടിഞ്ഞാട്ട് നോക്കി
പരദേവതയെ ധ്യാനിച്ചിരിക്കുന്ന
അയാളുടെ ഭാര്യയോടും
കുഞ്ഞിനോടുമായിരുന്നു.

നിങ്ങള്‍
മരുഭൂമിയില്‍ ഉപേഷിച്ചുപോകുന്ന
ഒരോ പ്രേമങ്ങള്‍ക്കും
ഒരു ഒറ്റപ്പെടലിന്റെ
കഥ പറയാനുണ്ടാവും
ഒറ്റക്ക് നടക്കുന്ന ഒട്ടകത്തെപ്പോലെ
@@@

പുഴ ഡോട്ട്കോമില്‍ വായിക്കുക

http://www.puzha.com/puzha/magazine/html/poem2_jan11_10.html

Saturday 29 August 2009

തുറന്നിട്ട ജാലകം

തുറന്നിട്ട ജാലകം
പാതി ചാരി
ഞാന്‍ നിവര്‍ന്നു കിടന്നു
എന്റെ അനുരാഗത്തിന്റെ
പൂപ്പല്‍ പിടിച്ച കറുത്ത തലയിണയും
വിരിയില്‍ പിഴുതിട്ട ബീജങ്ങളും
ആരോഗ്യം നശിച്ച പേനയും
വാലും, തലയും നഷ്ടപ്പെട്ട
കഥകളും, കവിതകളും
എന്നോട് പറയാന്‍ മടിക്കുന്നതെന്താണ്
ഒരു പക്ഷേ
ദരിദ്രന്റെ ഭൂതകാലത്തെ
അനലോഗില്‍നിന്നും
ഡിജിറ്റലിലേക്ക് പരിവര്‍ത്തനം
നടത്തൂയെന്നാവം
ഉയരമുള്ള കെട്ടിടത്തില്‍ നിന്ന്
താഴേക്ക ചാടാനായി
അവരെന്നെ സഹായിക്കാമെന്നാകാം
എന്തുമാകട്ടെ
ദേശിയതയെ ഉപജീവിച്ച്
നിലനില്‍പ്പിന്റേതായ പ്രക്രിയകള്‍
തുടരുകതന്നെ
പൌരോഹിത്യത്തിന്റേയും
ചാതുര്‍വണ്യത്തിന്റേയും
നിലനില്‍പ്പിനായ് ഒരു കുംഭമേള,
മരിച്ചവരുടെ ദേഹത്തിന്റെ
ഉയര്‍ത്തെഴുനേല്‍പ്പിനായ്
ചില വാഴ്ത്തപ്പെടലുകള്‍,
അരപ്പട്ടകെട്ടിയ ഗ്രാമങ്ങളിലെ
ജീവനുള്ള ജിന്നുകളുടെ ഊത്തുകള്‍.

എനിക്ക് സാര്‍വ്വദേശീയതെയെ
സംഭോഗിക്കാമെങ്കില്‍
പുറത്തേക്കിറങ്ങുന്നതിനു മുമ്പ്
ഈ സ്വവര്‍ഗ്ഗാനുരാഗിയുടെ
കിടപ്പറയിലേക്ക്
കറുത്തബീജം കുത്തിവെച്ച്
ജീവനില്ലാത്ത കഴുത്ത്
അറുത്തുകൊള്‍ക.
@@@@

ഇന്ദ്രപ്രസ്ഥം കവിതകളില്‍ വായിക്കുക

http://delhi-poets.blogspot.com/2009/11/blog-post.html

Monday 24 August 2009

വല

ഒരു
പത്ത് രൂപ തരൂ
ജീവിക്കണമെങ്കില്‍
ഒരു പരസ്യം കൊടുക്കേണ്ടത്
അനിവര്യമാണ്
അവരെല്ലാം
നാല്‍ക്കവലകളില്‍
വലിയ ബോര്‍ഡുകള്‍
തൂക്കിക്കഴിഞ്ഞു
ചുറ്റും വലവിരിക്കാതെ
ഈ ശരീരം വിറ്റഴിക്കാനാവില്ല.

തുടുത്ത രണ്ട് മുലകള്‍
തടിച്ച് വീര്‍ത്ത തുടകള്‍
വെളുവെളുത്ത മണമുള്ള ശരീരം
വിലപറയുന്നില്ല
വേണമെങ്കില്‍ ഒന്നെടുത്താല്‍
മൂന്നെണ്ണം വെറുതെ.

ആഗോള കുത്തൊഴുക്കില്‍
ആസിയാന്‍ കരാറുകളില്‍
ഒരു പുതിയ പരസ്യവാചകത്തിനായ്
ഞാന്‍ എന്റെ നഗ്നമാക്കിയ ശരീരം
ഈ വഴിയോരത്ത് തൂക്കുന്നു.
****
സമകാലിക കവിതയില്‍ വായിക്കുക

Sunday 23 August 2009

അടയാളങ്ങള്‍

ഞാന്‍
പതിവായ ഇടവേളകളില്‍
ചുട്ടെടുത്ത മണ്ണപ്പവുമായ്
വിശക്കുന്ന ഗ്രാമങ്ങളിലേക്ക്
കുടിയേറിപ്പാര്‍ക്കാറുണ്ട്
മടുത്തു ഈ ഇടവേളകള്‍
മരണം മണക്കുന്ന തുരുത്തുകള്‍
അറത്തുവെച്ച അടയാളങ്ങള്‍
ഉറുമ്പരിക്കുന്ന ബന്ധങ്ങള്‍
മുഖം മൂടിയണിഞ മിത്രങ്ങള്‍
സദാചാരത്തിന്റെ കറുത്ത പ്രാവുകള്‍
നിറവും, മണവും കെട്ടുപോയ
നഗ്നമായ ശരീരങ്ങള്‍
തൊണ്ടകീറിയ കുഞ്ഞുങ്ങള്‍
വിണ്ടുകീറിയ മുഖങ്ങള്‍
പറയാന്‍ മടിക്കുന്ന ചുണ്ടുകള്‍
വിശക്കുന്നവര്‍,വിയര്‍ക്കുന്നവര്‍
പിന്നെ വ്യഭിചരിക്കുന്നവര്‍
ചുവന്നവര്‍, പച്ചകുത്തിയവര്‍
പിന്നെ കുരിശ്ശിലേറിയവര്‍
കൂട്ടത്തില്‍ തിരിച്ചറിയാന്‍
നിസ്ക്കാരത്തഴമ്പ്,
ചന്ദനക്കുറി, കുരിശ്
അടയാളങ്ങള്‍ പേറിയുള്ള യാത്രയില്‍
ഇരിക്കാം ഇത്തിരിനേരം
പ്രത്യയശാ‍സ്ത്രങ്ങളുടെ
തടവറയില്‍ നിന്ന്
ഒരു മടങ്ങിപ്പോക്കിനായ്
ശബ്ദമുയര്‍ത്തണം
പുതിയ മണ്ണപ്പം ചുട്ടെടുക്കാന്‍
തിരികെ പോകണമെനിക്ക്
പഴയരാവും, പകലും
വേരറ്റ്പോകും മുമ്പേ....
******
ജയകേരളം മാസികയില്‍ വന്ന കവിത

Tuesday 18 August 2009

അടിവേരുകള്‍

ഞാ‍ന്‍
മന്ത്രവാദത്തിന്റെ അടിവേരുകള്‍ തേടിയപ്പോഴാണ്
പ്രേതങ്ങളെ പീഡിപ്പിക്കുന്നതായറിഞ്ഞത്
കാളി, കൂളി, മറുത, യക്ഷി, ദേവത,അപ്സരസ്സ്
ഉപഭോഗത്തിന് മരണമില്ലാത്തവരായാല്‍
ചാനല്‍ കോപത്തിന് ഇരയാകേണ്ടതില്ലത്രേ...

ഞാന്‍
രാത്രിയുടെ അടിവേരുകള്‍ തേടിയപ്പോഴാണ്
അരണ്ട വെളിച്ചത്തില്‍
തലയോട്ടി, തലമുടി, എല്ലിന്‍ കഷ്ണം
തവള, വവ്വാല്‍, പല്ലി, പാമ്പ്, കരിമ്പൂച്ച
പിന്നെ സര്‍വ്വ നാശത്തിനായ്
വെള്ളിമൂങ്ങയും, ഇരുതല മൂരിയും...

ഞാന്‍
ധനത്തിന്റെ അടിവേരുകള്‍ തേടിയപ്പോഴാണ്
മന്ത്രങ്ങളും തന്ത്രങ്ങളും,
കൂടാതെ യന്ത്രങ്ങളും കണ്ടെത്തിയത്
ഈയ്യം, ചെമ്പ്, വെള്ളി, സ്വര്‍ണം, ഏലസ്സ്
പുറ്റുമണ്ണ്, നാല്‍പ്പാമരപ്പൊടി
മധ്യത്തില്‍ സന്ധ്യാനാമം
ധനാകര്‍ഷണ ഭൈരവ യന്ത്രം...

നിങ്ങള്‍
മലയാള കവിതയുടെ
അടിവേരുകള്‍ തേടിയുള്ള യാത്രയിലാണെങ്കില്‍
‍ഈ കവിത
ഒരര്‍ത്ഥവുമില്ലാത്ത ഏലസ്സിന്റെ
മാന്ത്രികശക്തി കൂട്ടാന്‍
മന്ത്രവാദി കാട്ടുന്ന തട്ടിപ്പ്പ്പോലെയാണെന്ന് കരുതുക.

*********
കണിക്കൊന്നയില്‍ വന്ന കവിത
സമര്‍പ്പണം:
മന്ത്രവാദത്താല്‍ വംശനാശം നേരിടുന്ന
വെള്ളിമൂങ്ങക്കും, ഇരുതല മൂരിക്കും (ഒരു തരം പാമ്പ്)

Thursday 21 May 2009

കാള...


സുഹൃത്തെ...!!
ഇവിടെനിന്നാണ് ഞാന്‍ നോക്കിയത്..?
ആധുനിക യുഗത്തിലെ,
എല്ലിന്‍കൂടവും പേറിയുള്ള എന്റെ യാത്രയില്‍,
മറന്നുവെച്ച
എന്റെ കണ്ണുകളാണ് ഞാന്‍ പരതുന്നത്
എന്നില്‍ പച്ചയായ് കുത്തിവെച്ച
ചാപ്പയിലെ ഗണിതങ്ങളുടെ
കൂട്ടലും, കിഴിക്കലും,
പിന്നേവരുന്നവര്‍
ഒരു ചാട്ടയായി കീറുമ്പോള്‍
ചുട്ടുപഴുത്ത ഇടവഴികളില്‍
മറ്റൊരു ബൂര്‍ഷാസി
തക്കം പാര്‍ത്തിരിക്കുന്നു.

കൊമ്പില്‍ തൂക്കിയ ചുവന്ന റാന്തലില്‍
പണ്ട് കൊളുത്തിയതൊന്നും
ഇടിമുഴക്കുന്നതില്ലായിന്നേരം
എന്നാലും അത്
തണുത്തുറയുന്നില്ല
എരിഞ്ഞ് കത്തുകയാണ്.

എന്റെ നെഞ്ചിലേറ്റ പ്രഹരങ്ങള്‍
കാലത്തിന്റെ വേദനയില്‍
മറ്റൊരു കാലാള്‍പ്പടയായി
ആയുധമില്ലാത്ത പടയാളിയായി
മറ്റൊരു കാളപ്പുറത്ത്.
വിഹ്വലമാക്കപ്പെട്ട
ഗ്രാമങ്ങളിലെവിടെയോ വെച്ച്
ഒരജ്ഞാതനാല്‍ ഞാന്‍ കൊല്ലപ്പെടുമ്പോള്‍
ചരിത്രം അവസാനിക്കുന്നില്ല.

എന്റെ മാംസം ഭക്ഷിച്ച
നിങ്ങളില്‍, നിങ്ങളുടെ കുഞ്ഞുങ്ങളില്‍
എന്റെ ജീനുകള്‍ പുനര്‍ജ്ജനിക്കും.
*****

കണിക്കൊന്ന മാഗസിനില്‍ വന്ന കവിത

http://www.kanikkonna.com/index.php/2008-09-29-07-02-50/408-2009-05-30-08-35-23

Wednesday 20 May 2009

കുറ്റിച്ചൂടന്‍*


കുറ്റിചൂടന്റെ നിലവിളി....
എന്നെ ഇപ്പോള്‍ ഭയപ്പെടുത്താറില്ല
നരഹത്യ കണ്ട് വളര്‍ന്ന എനിക്ക് കുറ്റിചൂടന്‍,
ഒരു പക്ഷി നിരീക്ഷകന്റെ വസ്തു മാത്രം

മരണത്തിന്റെ ഫൈനാന്‍സ് റിപ്പോര്‍ട്ട് കാണാത്ത അമ്മൂമ
ഇന്നും ആ നിലവിളി ഭയക്കുന്നു
കുറ്റിചൂടന്റെ നിലവിളി
മരണത്തിന്റെ വരവെന്ന് പഴമക്കാര്‍
ഇണയെ കണ്ടെത്താനുള്ള സൂത്രമെന്ന്
ഞാനും, അനിയനു

നരഹത്യയുടെ എണ്ണം കൂടിയപ്പോള്‍
എന്തേ കുറ്റിചൂടന്‍ കൂവാത്തതെന്ന് ഞാന്‍
ഇപ്പോള്‍ മരണം വിളിച്ചറിയിക്കാത്തത്,
കാലന്റെ കമ്പ്യൂട്ടറില്‍ വൈറസെന്ന് അനിയന്‍

രാത്രിയില്‍ പുറത്തേക്കിറങ്ങുമ്പോള്‍ സൂക്ഷിക്കണം,
ഇഴജെന്തുക്കള്‍ കാണുമെന്ന് അമ്മ
പതിവ് പാര്‍ട്ടിച്ചര്‍ച്ചയില്‍ പങ്കെടുത്ത്
മങ്ങുമ്പോള്‍, നേരം ഇരുട്ടുമെന്ന് ഞാനും

ചര്‍ച്ചകളില്‍, കത്തികയറിയത്
അമേരിക്കയുടെ കടന്നുകയറ്റത്തിനുമുന്നില്‍
കാലനും, കാലന്‍ കോഴിയും
വെറും പഴമൊഴിയെന്ന് സഖാവ്

രാത്രിയുടെ പിന്നാമ്പുറങ്ങളില്‍
ഒരു കുറ്റിചൂടന്‍ നിലവിളിച്ചത് അമമൂമ കേട്ടിരിക്കാം...?
********
കുറ്റിച്ചൂടന്‍* - കാലന്‍കോഴി

മരുഭൂമികള്‍ പൂക്കുമ്പോള്‍...

രുഭൂമികള്‍ പൂക്കുമ്പോഴാണ്....
കിഴക്ക് കോതമ്പ് പാടങ്ങള്‍ കതിരിടുന്നത്
അപ്പോഴാണത്രെ കോരന്‍ കുമ്പിളില്‍ ഓണമുണ്ണുന്നത്
അന്ന് ഞങ്ങള്‍ വിതച്ച കടുകുപാടങ്ങള്‍
ചില സാങ്കേതിക കാരണങ്ങളാല്‍
മറ്റൊരാള്‍ കൊയ്തെടുക്കുന്നു
അപ്പോഴാണ് ഞാന്‍ എന്നിലേക്ക്
ചില ആശയങ്ങള്‍ കൊണ്ടുവരാന്‍ തെയ്യാറായത്
എന്നാല്‍ അവയ്ക്ക് ഇയ്യാംപാറ്റയുടെ ആയുസ്സ്

താടിവെച്ച്, വഴിയോരത്തിരുന്ന്
ഞാന്‍ എന്റെ കറുത്ത ജാതകം പുകച്ചുതള്ളി
പുകയില്‍, ഒരു വെളുത്ത പ്രാവിന്റെ ജനനം

അറിയപ്പെടാത്ത ഒരു ജനനവും
നീതീകരിക്കാനാവില്ലെന്ന് കാട്ടാളന്‍മാര്‍‍
അമ്പെടുത്ത് ഉന്നം വെച്ചത് എന്റെ നേര്‍ക്ക്

പിന്നീട്, എത്തിപ്പെട്ടത് ഇവിടെ മരുഭൂമിയില്‍
രക്തവും, വിയര്‍പ്പും ഞാനൊരു ഛായക്കൂട്ടാക്കി
അതില്‍ വരച്ച ചിലത് തൂക്കിവിറ്റ് ജീവിതം

ഇപ്പോള്‍ മരുഭൂമിയും പൂത്തു
ഞാന്‍ വെച്ച കാരക്കാമരവും പൂവിട്ടു
ഞാനും, നിങ്ങളും പൂക്കാത്തതെന്തെ....?
*****

Tuesday 19 May 2009

പനി....

ര്‍ക്കിടകം എട്ട് !!!
ചാറ്റല്‍ മഴ
ചുട്ടുപൊള്ളുന്ന പനി
തട്ടുമ്പുറത്തെ അരിച്ച തണുപ്പ്
കറുത്ത പങ്ക
ചുവന്ന പൊടിയരിക്കഞ്ഞി
കണലില്‍ ചുട്ട പപ്പടം,
ചുട്ടെടുത്ത മുള്ളന്‍
അമ്മ ഞെരടിയ ചുവന്ന ഉള്ളി,
വെളുത്ത കാന്താരിമുളകരച്ച ചമ്മന്തി
തൊടിയിലെ പച്ചക്കുരുമുളകിട്ട രസം
നരച്ച കമ്പിളിയിലെ ചുരുണ്ട ഉറക്കം
ഇളം ചൂടില്‍ ചുക്കുവെള്ളം
അമ്മയുടെ, തുളസിയിലയിട്ട കഷായം
വലിയോപ്പോളുടെ വരവ്,
നെറ്റിയിലെ തലോടല്‍
വൈദ്യര് കുമാരേട്ടന്റെ കറുത്ത ഗുളിക,
തേനില്‍ ചാലിച്ച് രണ്ട് നേരം।
ഇനി ഒരിക്കല്‍ വരുമോ
ആ കര്‍ക്കിടവും,പൊള്ളുന്ന പനിയും !!

മീനം ആറ്
സൂര്യന്‍ തല്‍ക്കുമീതെ
മകള്‍ക്ക് പൊള്ളുന്ന പനി
ആവശ്യങ്ങളുടെ നീണ്ട നിര
കെ, ഫ്സിയുടെ നാലുകാല്,
(കാല്തന്നെ വേണം അതാണത്രെ മാസ്റ്റര്‍പീസുകള്‍)
പിസ്സ മീഡിയം ഒന്ന്
അച്ഛാ ബര്‍ഗ്ഗറായാലും മതി
ചിക്കന്‍ സാന്‍റ്വിച്ച് നാലെണ്ണം
(അനിയത്തിക്കുകൂടി ആയിരിക്കാം)
തണുക്കാത്ത കൊക്കകോളയും
കൊച്ചൊന്നും കഴിച്ചില്ല, ഭാര്യയുടെ ഓര്‍മ്മപ്പെടുത്തല്‍
‍ഡോക്ടര്‍ സൂസിയെത്തെന്നെ കാണിക്കണം
(ചില്‍ഡ്രറന്‍ സ്പെഷലിസ്റ്റ് തന്നെവേണം)
ഇലക്ട്രോണിക്ക് പ്രിസ്ക്രിപ്ഷന്‍വ്
ആന്റിബയോട്ടിക്ക് ഒന്ന് വീതം മൂന്നുനേരം
ഏസി കുറച്ചിടുക, തണുത്ത വെള്ളം കൊടുക്കരുത്
പിന്നെ ഒരു താക്കിതും
ദൈവമേ......
(ഈ വിളി മക്കള്‍ക്ക് അസുഖം വരുമ്പോള്‍ മാതം)
ഞാന്‍ ഒരു നീരീശ്വര വിശ്വാസിയാണല്ലോ...?

ഇതുപോലൊരു പനി,
കര്‍ത്താവെ ആര്‍ക്കും വരുത്തരുതേ...
ആത്മഗതം.
****