Tuesday 8 September 2009

പ്രൊസസ്സ് കളര്‍

നീല
പരദേശി
നിലയില്ലാ കടലില്‍
മുത്തും പവിഴവും തേടി
മുങ്ങിയപ്പോഴാണ്
നീല കണ്ടത്.
ചുവപ്പ്
വഴിയരികില്‍
പടുത്തുയര്‍ത്തുന്ന
പടുക്കൂട്ടന്‍
നക്ഷത്ര സൌധത്തിന്
പ്രവാസികളാല്‍
അടിത്തറ പണിയ്യുമ്പോള്‍
പുറത്തുവന്ന ഉറവയ്ക്ക്
ചുവപ്പ് നിറമായിരുന്നു.
മഞ്ഞ
ജീവിതത്തിനും,
മരണത്തിനുമിടയില്‍
ശ്വാസം കിട്ടാതെ നിലവിളിക്കുമ്പോള്‍
പ്രവാസിയുടെ
വിളറിയ കണ്ണുകള്‍ക്ക്
മഞ്ഞ നിറമായിരുന്നു.
കറുപ്പ്
മരുഭൂമിയില്‍
ജീവിതം കണ്ടെത്താനാകാതെ
മരുപ്പച്ച
തേടിയുള്ള യാത്രയില്‍
പ്രവാസിയുടെ മുന്നില്‍
മരണത്തിന്റെ ഇരുട്ടാണ്
കറുത്ത ഇരുട്ട്.
@@@

Monday 7 September 2009

കപ്പലണ്ടിക്കാരന്‍

മരുഭൂമിയിലെ
സഞ്ചാരത്തിനിടയിലാണ്
ഒറ്റക്ക് നടക്കുന്ന
ഒട്ടകത്തെ കണ്ടത്
ഇവിടെ
ഒറ്റപ്പെടലുകള്‍,
ഒറ്റപ്പെടുത്തലുകള്‍
ഇന്നും,
ഇന്നലെയും തുടങ്ങിയതായിരിക്കില്ല.

വണ്ടിനിര്‍ത്തി
വഴിയരികില്‍ കണ്ട
അയാളില്‍ നിന്ന്
മൂന്ന് പൊതി വാങ്ങുമ്പോള്‍
എന്റെ സ്നേഹം
ഭാര്യയോടും കുഞ്ഞിനോടുമായിരുന്നില്ല.

എന്നാല്‍ എന്റെ പ്രേമം
അകലെ
പടിഞ്ഞാട്ട് നോക്കി
പരദേവതയെ ധ്യാനിച്ചിരിക്കുന്ന
അയാളുടെ ഭാര്യയോടും
കുഞ്ഞിനോടുമായിരുന്നു.

നിങ്ങള്‍
മരുഭൂമിയില്‍ ഉപേഷിച്ചുപോകുന്ന
ഒരോ പ്രേമങ്ങള്‍ക്കും
ഒരു ഒറ്റപ്പെടലിന്റെ
കഥ പറയാനുണ്ടാവും
ഒറ്റക്ക് നടക്കുന്ന ഒട്ടകത്തെപ്പോലെ
@@@

പുഴ ഡോട്ട്കോമില്‍ വായിക്കുക

http://www.puzha.com/puzha/magazine/html/poem2_jan11_10.html