Saturday, 29 August 2009

തുറന്നിട്ട ജാലകം

തുറന്നിട്ട ജാലകം
പാതി ചാരി
ഞാന്‍ നിവര്‍ന്നു കിടന്നു
എന്റെ അനുരാഗത്തിന്റെ
പൂപ്പല്‍ പിടിച്ച കറുത്ത തലയിണയും
വിരിയില്‍ പിഴുതിട്ട ബീജങ്ങളും
ആരോഗ്യം നശിച്ച പേനയും
വാലും, തലയും നഷ്ടപ്പെട്ട
കഥകളും, കവിതകളും
എന്നോട് പറയാന്‍ മടിക്കുന്നതെന്താണ്
ഒരു പക്ഷേ
ദരിദ്രന്റെ ഭൂതകാലത്തെ
അനലോഗില്‍നിന്നും
ഡിജിറ്റലിലേക്ക് പരിവര്‍ത്തനം
നടത്തൂയെന്നാവം
ഉയരമുള്ള കെട്ടിടത്തില്‍ നിന്ന്
താഴേക്ക ചാടാനായി
അവരെന്നെ സഹായിക്കാമെന്നാകാം
എന്തുമാകട്ടെ
ദേശിയതയെ ഉപജീവിച്ച്
നിലനില്‍പ്പിന്റേതായ പ്രക്രിയകള്‍
തുടരുകതന്നെ
പൌരോഹിത്യത്തിന്റേയും
ചാതുര്‍വണ്യത്തിന്റേയും
നിലനില്‍പ്പിനായ് ഒരു കുംഭമേള,
മരിച്ചവരുടെ ദേഹത്തിന്റെ
ഉയര്‍ത്തെഴുനേല്‍പ്പിനായ്
ചില വാഴ്ത്തപ്പെടലുകള്‍,
അരപ്പട്ടകെട്ടിയ ഗ്രാമങ്ങളിലെ
ജീവനുള്ള ജിന്നുകളുടെ ഊത്തുകള്‍.

എനിക്ക് സാര്‍വ്വദേശീയതെയെ
സംഭോഗിക്കാമെങ്കില്‍
പുറത്തേക്കിറങ്ങുന്നതിനു മുമ്പ്
ഈ സ്വവര്‍ഗ്ഗാനുരാഗിയുടെ
കിടപ്പറയിലേക്ക്
കറുത്തബീജം കുത്തിവെച്ച്
ജീവനില്ലാത്ത കഴുത്ത്
അറുത്തുകൊള്‍ക.
@@@@

ഇന്ദ്രപ്രസ്ഥം കവിതകളില്‍ വായിക്കുക

http://delhi-poets.blogspot.com/2009/11/blog-post.html

Monday, 24 August 2009

വല

ഒരു
പത്ത് രൂപ തരൂ
ജീവിക്കണമെങ്കില്‍
ഒരു പരസ്യം കൊടുക്കേണ്ടത്
അനിവര്യമാണ്
അവരെല്ലാം
നാല്‍ക്കവലകളില്‍
വലിയ ബോര്‍ഡുകള്‍
തൂക്കിക്കഴിഞ്ഞു
ചുറ്റും വലവിരിക്കാതെ
ഈ ശരീരം വിറ്റഴിക്കാനാവില്ല.

തുടുത്ത രണ്ട് മുലകള്‍
തടിച്ച് വീര്‍ത്ത തുടകള്‍
വെളുവെളുത്ത മണമുള്ള ശരീരം
വിലപറയുന്നില്ല
വേണമെങ്കില്‍ ഒന്നെടുത്താല്‍
മൂന്നെണ്ണം വെറുതെ.

ആഗോള കുത്തൊഴുക്കില്‍
ആസിയാന്‍ കരാറുകളില്‍
ഒരു പുതിയ പരസ്യവാചകത്തിനായ്
ഞാന്‍ എന്റെ നഗ്നമാക്കിയ ശരീരം
ഈ വഴിയോരത്ത് തൂക്കുന്നു.
****
സമകാലിക കവിതയില്‍ വായിക്കുക

Sunday, 23 August 2009

അടയാളങ്ങള്‍

ഞാന്‍
പതിവായ ഇടവേളകളില്‍
ചുട്ടെടുത്ത മണ്ണപ്പവുമായ്
വിശക്കുന്ന ഗ്രാമങ്ങളിലേക്ക്
കുടിയേറിപ്പാര്‍ക്കാറുണ്ട്
മടുത്തു ഈ ഇടവേളകള്‍
മരണം മണക്കുന്ന തുരുത്തുകള്‍
അറത്തുവെച്ച അടയാളങ്ങള്‍
ഉറുമ്പരിക്കുന്ന ബന്ധങ്ങള്‍
മുഖം മൂടിയണിഞ മിത്രങ്ങള്‍
സദാചാരത്തിന്റെ കറുത്ത പ്രാവുകള്‍
നിറവും, മണവും കെട്ടുപോയ
നഗ്നമായ ശരീരങ്ങള്‍
തൊണ്ടകീറിയ കുഞ്ഞുങ്ങള്‍
വിണ്ടുകീറിയ മുഖങ്ങള്‍
പറയാന്‍ മടിക്കുന്ന ചുണ്ടുകള്‍
വിശക്കുന്നവര്‍,വിയര്‍ക്കുന്നവര്‍
പിന്നെ വ്യഭിചരിക്കുന്നവര്‍
ചുവന്നവര്‍, പച്ചകുത്തിയവര്‍
പിന്നെ കുരിശ്ശിലേറിയവര്‍
കൂട്ടത്തില്‍ തിരിച്ചറിയാന്‍
നിസ്ക്കാരത്തഴമ്പ്,
ചന്ദനക്കുറി, കുരിശ്
അടയാളങ്ങള്‍ പേറിയുള്ള യാത്രയില്‍
ഇരിക്കാം ഇത്തിരിനേരം
പ്രത്യയശാ‍സ്ത്രങ്ങളുടെ
തടവറയില്‍ നിന്ന്
ഒരു മടങ്ങിപ്പോക്കിനായ്
ശബ്ദമുയര്‍ത്തണം
പുതിയ മണ്ണപ്പം ചുട്ടെടുക്കാന്‍
തിരികെ പോകണമെനിക്ക്
പഴയരാവും, പകലും
വേരറ്റ്പോകും മുമ്പേ....
******
ജയകേരളം മാസികയില്‍ വന്ന കവിത

Tuesday, 18 August 2009

അടിവേരുകള്‍

ഞാ‍ന്‍
മന്ത്രവാദത്തിന്റെ അടിവേരുകള്‍ തേടിയപ്പോഴാണ്
പ്രേതങ്ങളെ പീഡിപ്പിക്കുന്നതായറിഞ്ഞത്
കാളി, കൂളി, മറുത, യക്ഷി, ദേവത,അപ്സരസ്സ്
ഉപഭോഗത്തിന് മരണമില്ലാത്തവരായാല്‍
ചാനല്‍ കോപത്തിന് ഇരയാകേണ്ടതില്ലത്രേ...

ഞാന്‍
രാത്രിയുടെ അടിവേരുകള്‍ തേടിയപ്പോഴാണ്
അരണ്ട വെളിച്ചത്തില്‍
തലയോട്ടി, തലമുടി, എല്ലിന്‍ കഷ്ണം
തവള, വവ്വാല്‍, പല്ലി, പാമ്പ്, കരിമ്പൂച്ച
പിന്നെ സര്‍വ്വ നാശത്തിനായ്
വെള്ളിമൂങ്ങയും, ഇരുതല മൂരിയും...

ഞാന്‍
ധനത്തിന്റെ അടിവേരുകള്‍ തേടിയപ്പോഴാണ്
മന്ത്രങ്ങളും തന്ത്രങ്ങളും,
കൂടാതെ യന്ത്രങ്ങളും കണ്ടെത്തിയത്
ഈയ്യം, ചെമ്പ്, വെള്ളി, സ്വര്‍ണം, ഏലസ്സ്
പുറ്റുമണ്ണ്, നാല്‍പ്പാമരപ്പൊടി
മധ്യത്തില്‍ സന്ധ്യാനാമം
ധനാകര്‍ഷണ ഭൈരവ യന്ത്രം...

നിങ്ങള്‍
മലയാള കവിതയുടെ
അടിവേരുകള്‍ തേടിയുള്ള യാത്രയിലാണെങ്കില്‍
‍ഈ കവിത
ഒരര്‍ത്ഥവുമില്ലാത്ത ഏലസ്സിന്റെ
മാന്ത്രികശക്തി കൂട്ടാന്‍
മന്ത്രവാദി കാട്ടുന്ന തട്ടിപ്പ്പ്പോലെയാണെന്ന് കരുതുക.

*********
കണിക്കൊന്നയില്‍ വന്ന കവിത
സമര്‍പ്പണം:
മന്ത്രവാദത്താല്‍ വംശനാശം നേരിടുന്ന
വെള്ളിമൂങ്ങക്കും, ഇരുതല മൂരിക്കും (ഒരു തരം പാമ്പ്)