Thursday, 21 May 2009

കാള...


സുഹൃത്തെ...!!
ഇവിടെനിന്നാണ് ഞാന്‍ നോക്കിയത്..?
ആധുനിക യുഗത്തിലെ,
എല്ലിന്‍കൂടവും പേറിയുള്ള എന്റെ യാത്രയില്‍,
മറന്നുവെച്ച
എന്റെ കണ്ണുകളാണ് ഞാന്‍ പരതുന്നത്
എന്നില്‍ പച്ചയായ് കുത്തിവെച്ച
ചാപ്പയിലെ ഗണിതങ്ങളുടെ
കൂട്ടലും, കിഴിക്കലും,
പിന്നേവരുന്നവര്‍
ഒരു ചാട്ടയായി കീറുമ്പോള്‍
ചുട്ടുപഴുത്ത ഇടവഴികളില്‍
മറ്റൊരു ബൂര്‍ഷാസി
തക്കം പാര്‍ത്തിരിക്കുന്നു.

കൊമ്പില്‍ തൂക്കിയ ചുവന്ന റാന്തലില്‍
പണ്ട് കൊളുത്തിയതൊന്നും
ഇടിമുഴക്കുന്നതില്ലായിന്നേരം
എന്നാലും അത്
തണുത്തുറയുന്നില്ല
എരിഞ്ഞ് കത്തുകയാണ്.

എന്റെ നെഞ്ചിലേറ്റ പ്രഹരങ്ങള്‍
കാലത്തിന്റെ വേദനയില്‍
മറ്റൊരു കാലാള്‍പ്പടയായി
ആയുധമില്ലാത്ത പടയാളിയായി
മറ്റൊരു കാളപ്പുറത്ത്.
വിഹ്വലമാക്കപ്പെട്ട
ഗ്രാമങ്ങളിലെവിടെയോ വെച്ച്
ഒരജ്ഞാതനാല്‍ ഞാന്‍ കൊല്ലപ്പെടുമ്പോള്‍
ചരിത്രം അവസാനിക്കുന്നില്ല.

എന്റെ മാംസം ഭക്ഷിച്ച
നിങ്ങളില്‍, നിങ്ങളുടെ കുഞ്ഞുങ്ങളില്‍
എന്റെ ജീനുകള്‍ പുനര്‍ജ്ജനിക്കും.
*****

കണിക്കൊന്ന മാഗസിനില്‍ വന്ന കവിത

http://www.kanikkonna.com/index.php/2008-09-29-07-02-50/408-2009-05-30-08-35-23

Wednesday, 20 May 2009

കുറ്റിച്ചൂടന്‍*


കുറ്റിചൂടന്റെ നിലവിളി....
എന്നെ ഇപ്പോള്‍ ഭയപ്പെടുത്താറില്ല
നരഹത്യ കണ്ട് വളര്‍ന്ന എനിക്ക് കുറ്റിചൂടന്‍,
ഒരു പക്ഷി നിരീക്ഷകന്റെ വസ്തു മാത്രം

മരണത്തിന്റെ ഫൈനാന്‍സ് റിപ്പോര്‍ട്ട് കാണാത്ത അമ്മൂമ
ഇന്നും ആ നിലവിളി ഭയക്കുന്നു
കുറ്റിചൂടന്റെ നിലവിളി
മരണത്തിന്റെ വരവെന്ന് പഴമക്കാര്‍
ഇണയെ കണ്ടെത്താനുള്ള സൂത്രമെന്ന്
ഞാനും, അനിയനു

നരഹത്യയുടെ എണ്ണം കൂടിയപ്പോള്‍
എന്തേ കുറ്റിചൂടന്‍ കൂവാത്തതെന്ന് ഞാന്‍
ഇപ്പോള്‍ മരണം വിളിച്ചറിയിക്കാത്തത്,
കാലന്റെ കമ്പ്യൂട്ടറില്‍ വൈറസെന്ന് അനിയന്‍

രാത്രിയില്‍ പുറത്തേക്കിറങ്ങുമ്പോള്‍ സൂക്ഷിക്കണം,
ഇഴജെന്തുക്കള്‍ കാണുമെന്ന് അമ്മ
പതിവ് പാര്‍ട്ടിച്ചര്‍ച്ചയില്‍ പങ്കെടുത്ത്
മങ്ങുമ്പോള്‍, നേരം ഇരുട്ടുമെന്ന് ഞാനും

ചര്‍ച്ചകളില്‍, കത്തികയറിയത്
അമേരിക്കയുടെ കടന്നുകയറ്റത്തിനുമുന്നില്‍
കാലനും, കാലന്‍ കോഴിയും
വെറും പഴമൊഴിയെന്ന് സഖാവ്

രാത്രിയുടെ പിന്നാമ്പുറങ്ങളില്‍
ഒരു കുറ്റിചൂടന്‍ നിലവിളിച്ചത് അമമൂമ കേട്ടിരിക്കാം...?
********
കുറ്റിച്ചൂടന്‍* - കാലന്‍കോഴി

മരുഭൂമികള്‍ പൂക്കുമ്പോള്‍...

രുഭൂമികള്‍ പൂക്കുമ്പോഴാണ്....
കിഴക്ക് കോതമ്പ് പാടങ്ങള്‍ കതിരിടുന്നത്
അപ്പോഴാണത്രെ കോരന്‍ കുമ്പിളില്‍ ഓണമുണ്ണുന്നത്
അന്ന് ഞങ്ങള്‍ വിതച്ച കടുകുപാടങ്ങള്‍
ചില സാങ്കേതിക കാരണങ്ങളാല്‍
മറ്റൊരാള്‍ കൊയ്തെടുക്കുന്നു
അപ്പോഴാണ് ഞാന്‍ എന്നിലേക്ക്
ചില ആശയങ്ങള്‍ കൊണ്ടുവരാന്‍ തെയ്യാറായത്
എന്നാല്‍ അവയ്ക്ക് ഇയ്യാംപാറ്റയുടെ ആയുസ്സ്

താടിവെച്ച്, വഴിയോരത്തിരുന്ന്
ഞാന്‍ എന്റെ കറുത്ത ജാതകം പുകച്ചുതള്ളി
പുകയില്‍, ഒരു വെളുത്ത പ്രാവിന്റെ ജനനം

അറിയപ്പെടാത്ത ഒരു ജനനവും
നീതീകരിക്കാനാവില്ലെന്ന് കാട്ടാളന്‍മാര്‍‍
അമ്പെടുത്ത് ഉന്നം വെച്ചത് എന്റെ നേര്‍ക്ക്

പിന്നീട്, എത്തിപ്പെട്ടത് ഇവിടെ മരുഭൂമിയില്‍
രക്തവും, വിയര്‍പ്പും ഞാനൊരു ഛായക്കൂട്ടാക്കി
അതില്‍ വരച്ച ചിലത് തൂക്കിവിറ്റ് ജീവിതം

ഇപ്പോള്‍ മരുഭൂമിയും പൂത്തു
ഞാന്‍ വെച്ച കാരക്കാമരവും പൂവിട്ടു
ഞാനും, നിങ്ങളും പൂക്കാത്തതെന്തെ....?
*****

Tuesday, 19 May 2009

പനി....

ര്‍ക്കിടകം എട്ട് !!!
ചാറ്റല്‍ മഴ
ചുട്ടുപൊള്ളുന്ന പനി
തട്ടുമ്പുറത്തെ അരിച്ച തണുപ്പ്
കറുത്ത പങ്ക
ചുവന്ന പൊടിയരിക്കഞ്ഞി
കണലില്‍ ചുട്ട പപ്പടം,
ചുട്ടെടുത്ത മുള്ളന്‍
അമ്മ ഞെരടിയ ചുവന്ന ഉള്ളി,
വെളുത്ത കാന്താരിമുളകരച്ച ചമ്മന്തി
തൊടിയിലെ പച്ചക്കുരുമുളകിട്ട രസം
നരച്ച കമ്പിളിയിലെ ചുരുണ്ട ഉറക്കം
ഇളം ചൂടില്‍ ചുക്കുവെള്ളം
അമ്മയുടെ, തുളസിയിലയിട്ട കഷായം
വലിയോപ്പോളുടെ വരവ്,
നെറ്റിയിലെ തലോടല്‍
വൈദ്യര് കുമാരേട്ടന്റെ കറുത്ത ഗുളിക,
തേനില്‍ ചാലിച്ച് രണ്ട് നേരം।
ഇനി ഒരിക്കല്‍ വരുമോ
ആ കര്‍ക്കിടവും,പൊള്ളുന്ന പനിയും !!

മീനം ആറ്
സൂര്യന്‍ തല്‍ക്കുമീതെ
മകള്‍ക്ക് പൊള്ളുന്ന പനി
ആവശ്യങ്ങളുടെ നീണ്ട നിര
കെ, ഫ്സിയുടെ നാലുകാല്,
(കാല്തന്നെ വേണം അതാണത്രെ മാസ്റ്റര്‍പീസുകള്‍)
പിസ്സ മീഡിയം ഒന്ന്
അച്ഛാ ബര്‍ഗ്ഗറായാലും മതി
ചിക്കന്‍ സാന്‍റ്വിച്ച് നാലെണ്ണം
(അനിയത്തിക്കുകൂടി ആയിരിക്കാം)
തണുക്കാത്ത കൊക്കകോളയും
കൊച്ചൊന്നും കഴിച്ചില്ല, ഭാര്യയുടെ ഓര്‍മ്മപ്പെടുത്തല്‍
‍ഡോക്ടര്‍ സൂസിയെത്തെന്നെ കാണിക്കണം
(ചില്‍ഡ്രറന്‍ സ്പെഷലിസ്റ്റ് തന്നെവേണം)
ഇലക്ട്രോണിക്ക് പ്രിസ്ക്രിപ്ഷന്‍വ്
ആന്റിബയോട്ടിക്ക് ഒന്ന് വീതം മൂന്നുനേരം
ഏസി കുറച്ചിടുക, തണുത്ത വെള്ളം കൊടുക്കരുത്
പിന്നെ ഒരു താക്കിതും
ദൈവമേ......
(ഈ വിളി മക്കള്‍ക്ക് അസുഖം വരുമ്പോള്‍ മാതം)
ഞാന്‍ ഒരു നീരീശ്വര വിശ്വാസിയാണല്ലോ...?

ഇതുപോലൊരു പനി,
കര്‍ത്താവെ ആര്‍ക്കും വരുത്തരുതേ...
ആത്മഗതം.
****