Tuesday, 18 August 2009

അടിവേരുകള്‍

ഞാ‍ന്‍
മന്ത്രവാദത്തിന്റെ അടിവേരുകള്‍ തേടിയപ്പോഴാണ്
പ്രേതങ്ങളെ പീഡിപ്പിക്കുന്നതായറിഞ്ഞത്
കാളി, കൂളി, മറുത, യക്ഷി, ദേവത,അപ്സരസ്സ്
ഉപഭോഗത്തിന് മരണമില്ലാത്തവരായാല്‍
ചാനല്‍ കോപത്തിന് ഇരയാകേണ്ടതില്ലത്രേ...

ഞാന്‍
രാത്രിയുടെ അടിവേരുകള്‍ തേടിയപ്പോഴാണ്
അരണ്ട വെളിച്ചത്തില്‍
തലയോട്ടി, തലമുടി, എല്ലിന്‍ കഷ്ണം
തവള, വവ്വാല്‍, പല്ലി, പാമ്പ്, കരിമ്പൂച്ച
പിന്നെ സര്‍വ്വ നാശത്തിനായ്
വെള്ളിമൂങ്ങയും, ഇരുതല മൂരിയും...

ഞാന്‍
ധനത്തിന്റെ അടിവേരുകള്‍ തേടിയപ്പോഴാണ്
മന്ത്രങ്ങളും തന്ത്രങ്ങളും,
കൂടാതെ യന്ത്രങ്ങളും കണ്ടെത്തിയത്
ഈയ്യം, ചെമ്പ്, വെള്ളി, സ്വര്‍ണം, ഏലസ്സ്
പുറ്റുമണ്ണ്, നാല്‍പ്പാമരപ്പൊടി
മധ്യത്തില്‍ സന്ധ്യാനാമം
ധനാകര്‍ഷണ ഭൈരവ യന്ത്രം...

നിങ്ങള്‍
മലയാള കവിതയുടെ
അടിവേരുകള്‍ തേടിയുള്ള യാത്രയിലാണെങ്കില്‍
‍ഈ കവിത
ഒരര്‍ത്ഥവുമില്ലാത്ത ഏലസ്സിന്റെ
മാന്ത്രികശക്തി കൂട്ടാന്‍
മന്ത്രവാദി കാട്ടുന്ന തട്ടിപ്പ്പ്പോലെയാണെന്ന് കരുതുക.

*********
കണിക്കൊന്നയില്‍ വന്ന കവിത
സമര്‍പ്പണം:
മന്ത്രവാദത്താല്‍ വംശനാശം നേരിടുന്ന
വെള്ളിമൂങ്ങക്കും, ഇരുതല മൂരിക്കും (ഒരു തരം പാമ്പ്)

No comments:

Post a Comment