Sunday 23 August 2009

അടയാളങ്ങള്‍

ഞാന്‍
പതിവായ ഇടവേളകളില്‍
ചുട്ടെടുത്ത മണ്ണപ്പവുമായ്
വിശക്കുന്ന ഗ്രാമങ്ങളിലേക്ക്
കുടിയേറിപ്പാര്‍ക്കാറുണ്ട്
മടുത്തു ഈ ഇടവേളകള്‍
മരണം മണക്കുന്ന തുരുത്തുകള്‍
അറത്തുവെച്ച അടയാളങ്ങള്‍
ഉറുമ്പരിക്കുന്ന ബന്ധങ്ങള്‍
മുഖം മൂടിയണിഞ മിത്രങ്ങള്‍
സദാചാരത്തിന്റെ കറുത്ത പ്രാവുകള്‍
നിറവും, മണവും കെട്ടുപോയ
നഗ്നമായ ശരീരങ്ങള്‍
തൊണ്ടകീറിയ കുഞ്ഞുങ്ങള്‍
വിണ്ടുകീറിയ മുഖങ്ങള്‍
പറയാന്‍ മടിക്കുന്ന ചുണ്ടുകള്‍
വിശക്കുന്നവര്‍,വിയര്‍ക്കുന്നവര്‍
പിന്നെ വ്യഭിചരിക്കുന്നവര്‍
ചുവന്നവര്‍, പച്ചകുത്തിയവര്‍
പിന്നെ കുരിശ്ശിലേറിയവര്‍
കൂട്ടത്തില്‍ തിരിച്ചറിയാന്‍
നിസ്ക്കാരത്തഴമ്പ്,
ചന്ദനക്കുറി, കുരിശ്
അടയാളങ്ങള്‍ പേറിയുള്ള യാത്രയില്‍
ഇരിക്കാം ഇത്തിരിനേരം
പ്രത്യയശാ‍സ്ത്രങ്ങളുടെ
തടവറയില്‍ നിന്ന്
ഒരു മടങ്ങിപ്പോക്കിനായ്
ശബ്ദമുയര്‍ത്തണം
പുതിയ മണ്ണപ്പം ചുട്ടെടുക്കാന്‍
തിരികെ പോകണമെനിക്ക്
പഴയരാവും, പകലും
വേരറ്റ്പോകും മുമ്പേ....
******
ജയകേരളം മാസികയില്‍ വന്ന കവിത

No comments:

Post a Comment